Tuesday, May 10, 2011

ഓര്‍മ്മയിലെ മഴക്കാലം

ചുമ്മാ ഇരുന്നപ്പോള്‍ പഴയ ചില കാര്യങ്ങള്‍ ഓര്‍മ്മ വന്നു. അപ്പോള്‍ കുത്തിക്കുറിച്ച ഒരു അനുഭവ കുറിപ്പാണിത്.


ഓര്‍മ്മകളില്‍ കുറെ മഴക്കാലമുണ്ട്...
പകല്‍ സമയം ഇരുട്ടാക്കിയ എല്‍ കെ ജി കാലത്തെ ഒരു മഴക്കാലം ഓര്‍മ്മയുണ്ട്. എന്നും സൂര്യ പ്രകാശം നിറഞ്ഞിരുന്ന ക്ലാസ് റൂമില്‍ അന്ന് ഇലക്ട്രിക് ബള്‍ബ്‌ തെളിഞ്ഞപ്പോള്‍ അത് ഓണ്‍ ചെയ്തും ഓഫ് ചെയ്തും കുട്ടികള്‍ കളിച്ചതും ഓര്‍മയുണ്ട്.
പിന്നെ വെളുപ്പാന്‍ കാലത്ത് കോരിച്ചൊരിയുന്ന മഴയില്‍ നനഞ്ഞ പാവാടയുമായി പാടത്തെ വരമ്പിലൂടെ മദ്രസ്സയിലോട്ടു പോയതും. അത് കഴിഞ്ഞു ശ്വാസം വിടാന്‍ സമയമില്ലാതെ സ്കൂളിലോട്ട് ഓടിയിരുന്നതും...
പിന്നെ മദ്രസ്സയില്‍ അന്‍ചിലോട്ടു ജയിച്ചപ്പോഴായിരുന്നു ബുദ്ധിമുട്ട്... രാത്രിയിലായിരുന്നു ക്ലാസ്സ്‌. മഴക്കാലത്ത് തവളകളുടെ കരച്ചില്‍ അസഹനീയമായിരുന്നു... വയലില്‍ ഇടയ്ക്കിടക്കിടക്കാണേല്‍ പാമ്പുകളും ഉണ്ടാകാറുണ്ട്. ഒമ്പതരയ്ക്ക് ക്ലാസ്സ്‌ കഴിഞ്ഞു തിരിക്കുമ്പോള്‍ ഉള്ളില്‍ ഒളിപ്പിച്ച പേടി കുറചൊന്നുമാല്ലായിരുന്നു.
വയലില്‍ വെള്ളം നിറഞ്ഞാല്‍ അതിനു നടുവിലൂടെ ഉള്ള റോഡിലൂടെ രാത്രി നടക്കാന്‍ നല്ല പേടിയുണ്ടായിരുന്നു. ആ പേടിയും പുറത്തു കാണിച്ചിരുന്നില്ല. കാണിച്ചിട്ട് പ്രയോജനം ഇല്ലായിരുന്നു എന്നതാണ് സത്യം. പോരാത്തതിന് രാത്രി ക്ലാസ്സ്‌ കഴിഞ്ഞു ഞാനൊരുത്തി മാത്രമേ ആ റോഡു മുറിച്ചു കടക്കാന്‍ ഉണ്ടായിരുന്നൊള്ളൂ... അതും എന്റെ വിധി എന്ന് കരുതി മിണ്ടാതിരുന്നു.

പിന്നെ ദോഹയിലെ മഴക്കാലം... പന്ത്രണ്ടു വയസ്സ് മുതല്‍ ഇന്നിത് വരെ... ഓര്‍മ്മയില്‍ സൂക്ഷിക്കത്തവണ്ണം ഇവിടെ ഒരു മഴക്കാലവും ഉണ്ടായിട്ടില്ല. രണ്ടു തവണ ചെറുതായി ആലിപ്പഴം പൊഴിയുന്നത് കണ്ടു. പിന്നെ രാവിലെ സ്കൂളിലോട്ട് പോവുമ്പോള്‍ ട്രാഫിക്‌ ജാം കൂടുമ്പോള്‍ മഴയെ പഴിച്ചു... പക്ഷെ നാട്ടിലെ മഴയെ സ്നേഹിച്ചിരുന്നു... ഇതിനിടയില്‍ നാട്ടിലെ ഒരു വര്‍ഷത്തെ കോളേജ് ജീവിതം, ഹോസ്റ്റല്‍ ജീവിതം, അതിനിടയിലെ ഒരു മഴക്കാലം. അത് ജീവിതത്തില്‍ മറക്കാനാവില്ല. അതിങ്ങിനെ:


അന്ന് രാവിലെ പോയതായിരുന്നു കറന്റ്‌. ഒരു ഒഴിവു ദിവസമായിരുന്നു. ഞങ്ങളുടെ ഗ്യാങ്ങ് മെംബേര്‍സ് എല്ലാം ഉണ്ടായിരുന്നു അന്ന്. നാലുമണി ആയിട്ടും കറന്റ്‌ വന്നില്ല. മഴക്കാലമായിരുന്നതിനാല്‍ ഇരുണ്ട അന്തരീക്ഷം. ടാങ്കില്‍ ആണേല്‍ വെള്ളം ഉച്ചയായപ്പോഴേക്കും തീര്‍ന്നു. ഏതോ ഒരു കുട്ടിക്ക് അപസ്മാരമിളകിയിട്ടു അതിനെയും കൊണ്ട് ഹോസ്പിറ്റലിലോട്ടു പോയിരുന്നു വാര്‍ഡന്‍ ചേച്ചി. നാലുമണി ആയപ്പോഴേക്കും മഴയ്ക്ക് നല്ല സ്പീഡ്. ഇത് കണ്ടപ്പോള്‍ എനിക്ക് സഹിച്ചില്ല. തുടക്കം ഞാന്‍ തന്നെ കുറിച്ചു. കുളിക്കാന്‍ വെള്ളം കൊണ്ടുവരാന്‍ എന്ന പേരില്‍ മഴയില്‍ കളിക്കാന്‍ ഇറങ്ങി. കുന്നിന്‍ മുകളിലെ വിമന്‍സ് കോളേജ് ആയതിനാല്‍ ആ ചീറ്റുന്ന മഴയില്‍ ഒരു തെണ്ടിയും ആ പരിസരത്തൊന്നും ഉണ്ടാകില്ല എന്നുറപ്പിച്ചു ഞാന്‍ ഒരു ബക്കറ്റും കപ്പും ഷാമ്പൂ ബോട്ടിലും എടുത്തു തൊട്ടടുത്തുള്ള ക്യാമ്പസ്‌ പള്ളിയുടെ ലേഡീസ് ഭാഗത്തോട്ടു വിട്ടു. പിന്നെ മാന്യമായി ഡ്രസ്സ്‌ ചെയ്തിരുന്നതിനാല്‍ ഒട്ടും പേടി തോന്നിയില്ല. ഞാന്‍ പോകുന്നത് കണ്ടു കൂടെ കുറച്ചെണ്ണം കൂടി. പക്ഷെ എല്ലാം ആ മഴയില്‍ മൂന്നു നാല് തവണ ബക്കറ്റില്‍ വെള്ളം ഹോസ്റ്റല്‍ ബാത്ത്-റൂമിലോട്ടു താങ്ങി. ഞാന്‍ മടിചിയാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. തലകഴുകുന്ന പ്രോസസ് അവിടെ വച്ച് തന്നെ തീര്‍ത്തു. പിന്നെ കൂള്‍ ആയി രണ്ടു ബക്കറ്റ് വെള്ളം ഞാനും താങ്ങി ഹോസ്റ്റലിലോട്ടു. പക്ഷെ ഞാന്‍ കുളികഴിഞ്ഞു റൂമിലെത്തി നോക്കുമ്പോള്‍ ബാക്കി പതിനൊന്നണ്ണം മിസ്സിംഗ്‌. ഞാനൊരു കുടയും ചൂടി കാമ്പസിലോട്ടു വിട്ടു. ഓഡിറ്റോറിയത്തിന്റെ അടുതെതിയപ്പോള്‍ നല്ല ബഹളം. അതാ നില്‍ക്കുന്നു ബാക്കി പതിനൊന്നു "അലവലാതികള്‍". ഓഡിറ്റോറിയത്തിന്റെ മുകളില്‍ നിന്നും സ്പീഡില്‍ വീഴുന്ന വെള്ളത്തില്‍ ആടി തിമര്‍ക്കുന്നു. പോരാത്തതിന് വീഡിയോ പിടുത്തവും. "തെണ്ടികള്‍... എന്നെ കൂട്ടാതെ...." എന്ന് എന്റെ മനസ്സില്‍ പറഞ്ഞു ഞാന്‍ അങ്ങോട്ട്‌ നടന്നു... ഞാന്‍ ചെന്നപ്പോള്‍ ഒരുത്തിയുടെ വക ഒരു ചോദ്യം " നീ എവിടെയായിരുന്നു? വാ.. ഇറങ്ങ്". " അതേടീ... എല്ലാം കഴിഞ്ഞു കരയ്ക്ക്‌ കയറിയ ഞാന്‍ ഇനിയും ഇറങ്ങാം. എനിക്ക് വയ്യ ഇനിയും നനയാന്‍." എന്നിട്ട് കരയ്ക്ക്‌ നിന്ന് വീഡിയോ പിടിക്കുന്ന സഹായം ഞാന്‍ ചെയ്തു കൊടുത്തു... പിറ്റേന്ന് മിനു പനി പിടിച്ചു കിടന്നപ്പോള്‍ ചേച്ചി പറഞ്ഞ വഴക്കിനു കയ്യും കണക്കും ഇല്ലായിരുന്നു. എങ്ങനെ പറയാതിരിക്കും... ചേച്ചി ആ വീഡിയോ കണ്ടിരുന്നു.
പിന്നീട് ആ വീഡിയോ ഡിലീറ്റ് ചെയ്തു. എല്ലാവരുടെയും മൊബൈല്‍ കസിന്‍സ്‌ നോക്കാറുണ്ട്. അതിനാല്‍ അത് ഡിലീറ്റ് ചെയ്യേണ്ടി വന്നു.



വാല്‍ കഷ്ണം: മുകളില്‍ എന്റെ കൂട്ടുകാരെ അലവലാതികള്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അത് അവരോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ല. അതിനു പിറകില്‍ ഒരു പരസ്യമായ രഹസ്യമുണ്ട്. ഞങ്ങളുടെ ഗ്യാങ്ങിന്റെ short form "UAA" എന്നായിരുന്നു. അത് എന്താന്നു പുറത്തുള്ളവര്‍ ചോദിച്ചാല്‍ ഞങ്ങള്‍ പറഞ്ഞിരുന്നത് "United Angles' Association" എന്നായിരുന്നു.. പക്ഷെ യഥാര്‍ഥത്തില്‍ അതിന്റെ expansion "United Alavalaathees' Association" എന്നായിരുന്നു.

Monday, May 9, 2011

എകാന്തതയിലോട്ടുള്ള യാത്ര


ആകാശം വിട്ടു മേഘങ്ങള്‍ ഭൂമിയിലോട്ടു
പെയ്തിറങ്ങിയപ്പോള്‍ അവള്‍ മഴയോട് കൂട്ടുകൂടി...
ദിക്കുകളില്‍ നിന്ന് ദിക്കുകളിലേക്ക് സഞ്ചരിച്ചിരുന്ന
കാറ്റ് വന്നു തൊട്ടപ്പോഴും അവള്‍ കൂട്ടുകൂടി...
ചില രാത്രികളില്‍ നിലാവ് ജനാലയിലൂടെ
എത്തി നോക്കിയപ്പോള്‍ അവിടെയും തുടങ്ങി ഒരു സൗഹൃദം
പിന്നെയും ചില സൗഹൃദങ്ങള്‍...

അതിനിടയില്‍ പ്രണയം കടന്നു വന്നു...
തുടക്കത്തില്‍ പ്രണയത്തിന് സൗഹൃദത്തേക്കാള്‍
മധുരമുള്ളതായി തോന്നി അവള്‍ക്ക്...
ആ പ്രണയം തന്നെ പിന്നീട് സൗഹൃദത്തേക്കാള്‍ അവളെ
നോവിക്കാനും കഴിയുമെന്ന് തെളിയിച്ചു.

എല്ലാം വലിച്ചെറിഞ്ഞു പഴയ സുഹൃത്തുക്കളുടെ
അടുത്തേക്ക് ഓടിയണയാന്‍ അവള്‍ ആശിച്ചു...
പക്ഷെ പ്രണയം അവളെ അവരില്‍ നിന്നെല്ലാം അകറ്റിയിരുന്നു...
എല്ലാം വലിച്ചെറിയുക എന്നുള്ളതും അത്ര എളുപ്പമല്ലായിരുന്നു.

പിന്നീട് കൂട്ടുകൂടാന്‍ ഏകാന്തത മാത്രം അവശേഷിച്ചു.

Wednesday, May 4, 2011

Meaningless


As a stranger you knocked
at the door of my life
Then you entered into the room
The room for just friends...
And from that room to another room
The room of best and close friends
Only a few people entered to that special
Room of mine...
And then you entered that Room
The room I reserved sacredly for my soul mate
You were the first one
But you were found undeserved
To be in that sacred room of my life
So you were thrown out by my feelings
Not only from that room...
From my life...
But you deserved to be my friend...
But it seems to be meaningless now!



~Soul~

Tuesday, May 3, 2011

രണ്ടായ് പിളര്‍ന്ന മനസ്സ്...

മനസ്സ് കാരണമില്ലാതെ തേങ്ങുന്നു...
കാരണമില്ലാത്ത വിഷാദത്താല്‍ പിടയുന്ന മനസ്സ്...

കാരണമില്ലാഞ്ഞിട്ടോ അതോ
കാരണമറിഞ്ഞിട്ടും അത് സ്വയം നാടകം കളിക്കുന്നുവോ?
ആ കാരണങ്ങള്‍ക്കൊന്നും തന്നെ വിഷമിപ്പിക്കാന്‍
കഴിവില്ല എന്ന് സ്വയം വരുത്തി തീര്‍ക്കാന്‍?




ചിലപ്പോള്‍ മനസ്സ് രണ്ടായ് പിളരുന്നു...
ഒന്ന് ഒരു ചെറിയ കുട്ടിയെ പോലെ...
സാധിക്കാത്ത കാര്യങ്ങള്‍ക്ക് വേണ്ടി,
കരഞ്ഞു വാശി പിടിക്കുന്നു...
മറ്റൊന്ന് മുതിര്‍ന്ന ഒരു സ്ത്രീയെ പോലെ,
വാശി പിടിക്കുന്ന കുട്ടിയുമായ് മല്ലിടുന്നു...
എന്നിലെ പക്വതയും അപക്വതയും തമ്മില്‍ ഏറ്റുമുട്ടുന്നത് പോലെ...
ഇതിനിടയില്‍ ഞാനില്ലാതാകുന്നത് പോലെ.




ചിലപ്പോള്‍ ആരോടൊക്കെയോ പറയാതെ
പോയ പലതും തന്നോടുതന്നെ പറഞ്ഞു പോവുന്നു...
എന്‍ മനം എന്റേതല്ലാതാവുന്നത് പോലെ...
എന്റെ കയ്യില്‍ ഒതുങ്ങാത്തത് പോലെ...

മനസ്സിന്റെ വേദനയോടൊപ്പം
ബാക്കിയായ് കണ്ണുനീര്‍ മാത്രം ....

Wednesday, April 20, 2011

സൗഹൃദത്തിനും പ്രണയത്തിനുമിടയില്‍...


സന്ധ്യാ സമയത്ത് സൂര്യനും ചന്ദ്രനും ഒരുമിച്ചു എന്തോ സ്വകാര്യം പറയുന്നത് പോലെ തോന്നി അവള്‍ക്കു. അവളെ കൂട്ടാതെ അവര്‍ എന്തായിരിക്കും പറഞ്ഞതെന്ന് ഓര്‍ത്തു അവള്‍ പരിഭവപ്പെട്ടു. തന്നെ കൂട്ടാതെ അവര്‍ പറഞ്ഞത് തന്നെ കുറിച്ച് തന്നെ ആയിരിക്കും എന്ന് അവള്‍ മനസ്സില്‍ കരുതി. അവള്‍ ഓര്‍ത്തു... അവളിതു വരെ പകലിനോടും സൂര്യനോടും പറഞ്ഞത് അവനെ കുറിച്ചായിരുന്നു. രാത്രിയോടും ചന്ദ്രനോടും നക്ഷ്ത്രങ്ങളോടും പറയാനുണ്ടായിരുന്നത് അവനെ കുറിച്ച് മാത്രമായിരുന്നു.


സന്ധ്യ വിടവാങ്ങിയപ്പോള്‍ അവള്‍ ആ കൂട്ടുകാരുടെ അടുത്തെത്തി. "എന്താ ഇന്ന് എന്നെ തനിച്ചാക്കി സൂര്യനുമായി സ്വകാര്യം പറഞ്ഞെ?" എന്നാ ചോദ്യ ഭാവത്തോടെ അവള്‍ ചന്ദ്രനെ നോക്കി. ആ ചോദ്യം മനസ്സിലായ വണ്ണം ചന്ദ്രന്‍ നക്ഷത്രങ്ങളോട് പറഞ്ഞു " നമ്മുടെ ഊഹം ശെരിയാണ് കേട്ടോ, ഇവളുടെ മനസ്സില്‍ രാവില്ല പകലില്ലാ ഇപ്പോള്‍ അവന്‍ മാത്രമാണ്. ആ പുതിയ സുഹൃത്ത്"... "ഓഹോ അപ്പോള്‍ അതായിരുന്നുവല്ലേ നേരത്തെ കണ്ട സ്വകാര്യം പറച്ചില്‍" എന്നവള്‍ മനസ്സില്‍ കരുതി. "ആ പുതിയ സുഹൃത്ത്" എന്ന് തന്നെ കളിയാക്കി പറഞ്ഞതല്ലേ എന്ന് അവള്‍ ശങ്കിച്ചു... പിടിച്ചു നില്‍ക്കാന്‍ അവള്‍ അവരോടു വാദിച്ചു "നിങ്ങളെ പോലൊരു സുഹൃത്ത്‌മാത്രമാണവന്‍... " പക്ഷെ കുസൃതിക്കുരുന്നായ ഒരു നക്ഷത്രം പിടിവിട്ടില്ല. മറു ചോദ്യം ഒട്ടും മടി കൂടാതെ തൊടുത്തു വിട്ടു " എന്നിട്ടെന്തേ ഞങ്ങളെ കുറിച്ച് നീ സദാസമയം പറഞ്ഞു നടക്കാത്തെ? അവനെ കുറിച്ച് ഞങ്ങളോട് പറയുന്നത് പോലെ ഞങ്ങളെ കുറിച്ച് അവനോടു പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ?" " ഇല്ല " എന്ന് പറഞ്ഞു അവള്‍ തല താഴ്ത്തി. കുറച്ചു കഴിഞ്ഞു തല ഉയര്‍ത്തി ഒരു അവസാന ശ്രമം നടത്തി "അവന്‍ എന്റെ പ്രിയ സുഹൃത്ത്‌ മാത്രമാണ് എന്നേ ഞാന്‍ ഉദേഷിചൊള്ളൂ "

അവരൊന്നും തിരിച്ചു പറഞ്ഞില്ലേലും, അവര്‍ തന്നെ നോക്കി എന്തോ അര്‍ത്ഥം വെച്ച് പുഞ്ചിരിക്കുന്നതായി അവള്‍ക്കു തോന്നി. അവള്‍ക്കു ദേഷ്യം തോന്നി അവരോടെല്ലാം. "നിങ്ങളോടിനി മിണ്ടാനില്ല " എന്ന് പറഞ്ഞു അവള്‍ അവരോടു വിട ചൊല്ലി. പിന്നീടൊരിക്കലും അവള്‍ അവനെ കുറിച്ച് അവരോടുന്നും പറഞ്ഞില്ല. അവള്‍ അവളോട്‌ മാത്രം പറഞ്ഞു. അവളുടെ മനസ്സിനോട്... അങ്ങിനെ അവള്‍ ആ സുഹൃത്തിനെ സ്വപ്നം കാണാന്‍ തുടങ്ങി....അവള്‍ പോലും അറിയാതെ...